കോഴിക്കോട്: ഇന്റർനെറ്റിൽ തിരയുമ്പോൾ ലഭിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ കേന്ദ്രീകരിച്ച് വൻ സൈബർ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായി പൊലിസ് മുന്നറിയിപ്പ്. പ്രമുഖ ബാങ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപയോക്താക്കളെ വലയിലാക്കുന്നത്.
സഹായം തേടി ഉപയോക്താക്കൾ ഇത്തരം നമ്പറുകളിലേക്കു വിളിക്കുമ്പോൾ നേരിട്ട് കണക്ടാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തിരികെ വിളിക്കുകയാണു ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്സസ് അല്ലെങ്കിൽ സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഇവർ രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള നിസാര തുക അടയ്ക്കാൻ നിർദേശിക്കും.
തുടർന്ന് ഈ ആപ്പുകൾ വഴി ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത രേഖകളും ചോർത്തി അക്കൗണ്ടുകളിൽ നിന്നു വൻ തുകയാണു കവരുന്നത്. ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണമായി വിശ്വസിക്കരുതെന്നും ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കണമെന്നും പൊലിസ് അറിയിച്ചു.